തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്ലഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് രക്തനാണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ആപ് പ്രവർത്തനം തുടങ്ങിയത്.
32885 രക്തദാതാക്കളാണ് പോൾ ബ്ലഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. പേരൂർക്കട എസ്എ പി ക്യാമ്പിലെ പോൾ ബ്ലഡ് സ്റ്റേറ്റ് കൺട്രോൾ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത്.
രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ് വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
രക്തം വേണോ...? പോലീസ് തരും
01:45 AM May 06, 2022 | Deepika.com