കണ്ണൂർ: കണ്ണൂർ സർവകലാശാലാ ബിരുദപരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ റിപ്പോർട്ട് ചെയ്തു. വിശദമായ അന്വേഷണം വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും. അന്വേഷണ റിപ്പോർട്ട് മേയ് 21 , 2022 ന് ചേരുന്ന പരീക്ഷാ സംബന്ധിയായ പ്രത്യേക സിൻഡിക്കറ്റ് യോഗത്തിൽ വെയ്ക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും ബുധനാഴ്ചകളിൽ ഖാദിവസ്ത്രം ധരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പാക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാല നിർദേശിക്കുന്ന സൗകര്യങ്ങളുള്ള യുജി കോളജുകളിൽ രണ്ട് ഗവേഷണ ഗൈഡുമാർ ഉണ്ടെങ്കിൽ അവിടെ ഗവേഷണകേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി നൽകും.
202223 അധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾക്കും സീറ്റുകളുടെ വർധനയ്ക്കുംവേണ്ടിയുള്ള 29 കോളജുകളിലെ പ്രൊപ്പോസൽ സർക്കാരിനു സമർപ്പിക്കും. മുസ്ലിം സർവീസ് സൊസൈറ്റിയുടെ കീഴിൽ വയനാട് തരുവണയിൽ കോളജ് തുടങ്ങാൻ അംഗീകാരം നൽകും. ചക്കരക്കല്ലിൽ മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനും യോഗത്തിൽ അംഗീകാരമായി.
ചോദ്യപേപ്പർ ആവർത്തനം: വിസി നേരിട്ട് അന്വേഷിക്കും
01:45 AM May 06, 2022 | Deepika.com