കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപ് ഉൾപ്പെടെയുള്ള പ്രതികള്‍ പോലീസിന് കൈമാറും മുന്‍പേ തങ്ങളുടെ ഫോണുകളില്‍ തിരിമറി നടത്തിയതായി കണ്ടെത്തല്‍. ദിലീപിന്റെയും സഹോദരന് അനൂപിന്റെയും കൈവശമുണ്ടായിരുന്ന നാലു ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജ് ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ എന്നിവയിൽ മാറ്റം വരുത്തിയശേഷമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണു കണ്ടെത്തൽ.
മൂവരുടെയും ഫോണ്‍കോളുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോണുകളുടെ ഐഎംഇഐ നമ്പറും കണ്ടെത്തി. റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചപ്പോഴാണ് ഫോണുകളിലെ തിരിമറി ക്രൈംബ്രാഞ്ചിന് വ്യക്തമായത്. ഇതോടെ മൂവരും നേരത്തെ ഉപയോഗിച്ചിരുന്ന പഴയ ഫോണുകള്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിനിടെയായിരുന്നു ഈ നടപടി. ഫോണുകള്‍ മാറ്റിയത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പ്രതികളോട് തേടിയെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല.
പോലീസിനു കൈമാറും മുന്‍പേ ദിലീപിന്റെ ഫോണില്‍ തിരിമറി നടത്തിയതായി കണ്ടെത്തല്‍
02:27 AM Jan 26, 2022 | Deepika.com