തിരുവനന്തപുരം: സംഘടിതകുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
മയക്കുമരുന്ന്, സ്വർണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങൾക്കു രൂപം നൽകണം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കണം. ഓണ്ലൈനായി ചേർന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകൾക്കെതിരേയുള്ള നടപടികൾ കർശനമായി തുടരണം. ഗുണ്ടാനിയമപ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കണം. വാറണ്ട് നടപ്പാക്കാൻ മുൻഗണന നൽകണം.
എല്ലാ ജില്ലകളിലും രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം. വാഹനങ്ങളിലും നടന്നുമുള്ള പട്രോളിംഗിന് മുൻഗണന നൽകണം. അതിരാവിലെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പട്രോളിംഗ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിൽ വൈകുന്നേരങ്ങളിലുള്ള പോലീസ് പട്രോളിംഗ് ശക്തമാക്കണം. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഉറപ്പാക്കണം.മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നിർദാക്ഷിണ്യം നടപടി സ്വീകരിക്കണം. ചെറുതും വലുതുമായ എല്ലാതരം മയക്കുമരുന്നു കേസുകളും പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കണം. ജനമൈത്രി ബീറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. കമ്യൂണിറ്റി പോലീസിംഗ് സംവിധാനം ഉപയോഗിച്ചുള്ള രാത്രികാല പട്രോളിംഗ്, വിവരശേഖരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കണം.വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തിരനടപടി വേണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്തുന്നതിന് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് മുതലയാവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. ഹൈവേ പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ഇവയുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ ദിവസേന നിരീക്ഷിക്കണം. റോഡപകടങ്ങൾ കുറയ്ക്കുന്നതിലായിരിക്കണം ഹൈവേ പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയുന്നതിനായി നടപ്പാക്കിയ പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. കുട്ടികൾക്കെതിരേയുള്ള അതിക്രമം തടയുന്നതിന് നിലവിലുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കണം. പോക്സോ കേസ് അന്വേഷണത്തിൽ യാതൊരു വിധത്തിലുമുള്ള കാലതാമസവും പാടില്ലെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരേ കർശന നടപടിക്കു നിർദേശം
02:19 AM Jan 25, 2022 | Deepika.com