കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യംചെയ്യലിനോട് നടന് ദിലീപ് സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്.
ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്കു നയിക്കുക, നിസ്സഹകരണവും വേറൊരു രീതിയില്‍ പോലീസിന് സഹായകരമാകും. സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. നിസഹകരണമാണെങ്കില് കോടതിയെ കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ ചോദ്യം ചെയ്യുന്ന കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇന്നലെ എത്തിയപ്പോഴായിരുന്നു പ്രതികരണം.
അതേസമയം, ദിലീപിനെതിരേ കൃത്യമായ തെളിവുണ്ടെന്ന സൂചനയും എഡിജിപി നല്കി. തെളിവിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കണ്ടതല്ലേയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെളിവുകളെല്ലാം കണ്ടെത്താനാണ് അന്വേഷണം. സത്യം പുറത്തുകൊണ്ടുവരും. അന്വേഷണത്തിന്റെ ഭാഗമായി തെളിവു ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോള്‍ നടക്കുന്നത്. കോടതിയെ സമീപിച്ചവരെയല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ നിയമപരമായി തടസമില്ല. കോടതി നിര്‍ദേശമനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ആറാം പ്രതിയായ വിഐപി ശരത് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.
ദിലീപ് നിസ്സഹകരിച്ചാലും അന്വേഷണത്തിനു ഗുണം ചെയ്യും: എഡിജിപി എസ്. ശ്രീജിത്ത്
02:21 AM Jan 24, 2022 | Deepika.com