കോഴിക്കോട്: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷത്തിന് അര്‍ഹിച്ച പദവി നല്‍കിയില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനു പിന്നില്‍ പ്രത്യേക അജന്‍ഡയെന്ന് കെ. മുരളീധരന് എംപി.
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പിണറായി വിജയന്റെ താത്പര്യം കണ്ടറിഞ്ഞാണു കോടിയേരിയുടെ നീക്കം.
പിണറായി വിജയനുവേണ്ടിയാണു കോടിയേരി ഈ രീതിയില്‍ സംസാരിക്കുന്നത്. നരേന്ദ്ര മോദിക്കുവേണ്ടി അമിത് ഷാ എങ്ങനെയാണോ സംസാരിക്കുന്നത് അതുപോലെയാണ് കേരളത്തിലും. ഇത് കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട.
സമുദായ സമവാക്യം കോണ്‍ഗ്രസ് എപ്പോഴും പാലിക്കാറുണ്ട്. കഴിവിനൊപ്പം സമുദായ സമവാക്യംകൂടി പരിഗണിച്ചാണ് കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയത്. താന്‍ മാറി നിന്നതും ഇതേ കാരണംകൊണ്ടാണെന്നും മുരളീധരന് പറഞ്ഞു.
കോടിയേരിയുടെ നീക്കം പിണറായിയുടെ താത്പര്യം കണ്ടറിഞ്ഞ്: കെ. മുരളീധരന്
01:42 AM Jan 20, 2022 | Deepika.com