മലപ്പുറം: ഫോണിൽ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി.
കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കൽ സ്വദേശികളായ ചങ്ങരംചോല വീട്ടിൽ മുബാറക് (32), തൈവളപ്പിൽ വീട്ടിൽ നസ്രുദീൻ (30), പാറശേരി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ അബ്ദുൾ അസീം (28), പുളിക്കൽ സ്വദേശികളായ പേരാപറമ്പിൽ നിസാമുദീൻ (24), മാളട്ടിക്കൽ അബ്ദുൾ റഷീദ് (36), മംഗലം സ്വദേശി പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (30) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദേശ പ്രകാരം രൂപീകരിച്ച മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമും കോട്ടക്കൽ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയാണ് പരാതിക്കാരൻ. ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് പരിചയപ്പെട്ട യുവതി സംഭാഷണങ്ങൾ റിക്കാർഡ് ചെയ്തു. പിന്നീട് സംഘം പരാതിക്കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വകാര്യ വീഡിയോ എടുക്കുകയും ചെയ്തു. തുടർന്ന് റിക്കാർഡ് ചെയ്ത സംഭാഷണങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ഹണി ട്രാപ്പ്: പണം തട്ടാൻ ശ്രമിച്ച യുവതി ഉൾപ്പെടെയുള്ള ഏഴംഗ സംഘം പിടിയിൽ
01:20 AM Jan 19, 2022 | Deepika.com