കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിതവാരത്തോടനുബന്ധിച്ചു സീറോ മലബാര്‍ മിഷന് ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷന് ക്വസ്റ്റ് എന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു.
വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ കോതമംഗലം രൂപതയിലെ അഗാസാ ബെന്നി ഒന്നാം സ്ഥാനവും ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ഗ്രേസ് ജോണി രണ്ടാം സ്ഥാനവും തക്കല രൂപതയിലെ അന്നാ രാജ് മൂന്നാം സ്ഥാനവും നേടി. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ തക്കല രൂപതയിലെ ആര്. ഗീത ഒന്നാം സ്ഥാനവും ഗോരഖ്പുര്‍ രൂപതയുടെ ടോണി ജോസ് രണ്ടാം സ്ഥാനവും ഹൊസൂര്‍ രൂപതയിലെ ഒ.എഫ്. നീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.
വിജയികള്‍ക്കുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും അതതു രൂപതകളിലെ മെത്രാന്മാര് സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്ന് ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോ മലബാര്‍ വിശാസികളെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ മിഷന് ക്വിസിന്റെ സംഘാടകരായ സീറോ മലബാര്‍ മിഷന് ഓഫീസിനും വിശ്വാസ പരിശീലന കമ്മീഷനും സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്പതിന് ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരം അഞ്ച് ഭാഷകളില്‍ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്.
ആഗോളതലത്തിലും രൂപതാ തലത്തിലുമുള്ള മത്സരവിജയികളെ അതത് രൂപതാ വിശ്വാസപരിശീലന കേന്ദ്രങ്ങളില്‍ നിന്ന് അറിയിക്കും. സീറോ മലബാര്‍ മിഷന് ഓഫീസ് സെക്രട്ടറി ഫാ. സിജു ജോര്‍ജ് അഴകത്ത്, വിശ്വാസപരിശീലന കമ്മീഷന് സെക്രട്ടറി റവ.ഡോ. തോമസ് മേല്‍വെട്ടത്ത്, സിസ്റ്റർ നമ്രത, സിസ്റ്റർ ജിസ്ലെറ്റ് എന്നിവര്‍ നേതൃത്വം നല്കി.
സീറോ മലബാര്‍ മിഷന് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
01:33 AM Jan 16, 2022 | Deepika.com