കോട്ടയം: ജീവിതത്തിലെ പരീക്ഷണഘട്ടത്തെ നേരിടാൻ ശക്തിനൽകിയ ദൈവത്തിനു നന്ദി പറഞ്ഞ് പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. കോടതിയിൽനിന്നും വിധി കേട്ടശേഷം നേരെ കളത്തിപ്പടിയിലുള്ള ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലേക്കാണു പോയത്.
പാട്ടുകുർബാന അർപ്പിച്ച ശേഷം ബന്ധുക്കളും സുഹൃത്തുക്കളും മധുരപലഹാരം വിതരണം ചെയ്തു.
ധ്യാനകേന്ദ്രത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരവും നൽകി. ‘ദൈവത്തിൽനിന്നു വന്ന വിധി’ എന്നാണ് ബിഷപ് ഇതു സംബന്ധിച്ചു പ്രതികരിച്ചത്. ‘ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിൽ നടപ്പായി. അതിൽ ഏറെ സന്തോഷമുണ്ട്. പല പരീക്ഷണഘട്ടത്തിലൂടെ കടന്നു പോയെങ്കിലും ദൈവം എന്നെ ഒരു ഉപകരണമാക്കി.
സത്യത്തെ സ്നേഹിക്കുകയും സത്യത്തൊടൊപ്പം നിൽ ക്കുകയും ചെയ്തവർക്കെല്ലാം നന്ദി. പ്രാർഥനയ്ക്കു ശക്തിയുണ്ട്. ഫലമുള്ള വൃക്ഷത്തിൽ മാത്രമേ കല്ലെറുണ്ടാകുകയുള്ളൂ. ഏതു പ്രതിസന്ധിയേയും പ്രാർഥനയിലൂടെ മറികടക്കാൻ സാധിക്കൂം. ഇത്തരമൊരു സാഹചര്യത്തെ അഭിമാനത്തോടെയാണു കാണുന്നത്’.
പിന്തുണയുമായി കൂടെ നിന്നവരോട് എന്തു പറയുന്നുവെന്ന മാധ്യമപ്രവർത്തകരോട് ചോദ്യത്തിന് ‘പ്രാർഥിക്കുക, സ്തുതിക്കുക’ എന്നാണ് മറുപടി നൽകിയത്.
ധ്യാനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു
01:53 AM Jan 15, 2022 | Deepika.com