തിരുവനന്തപുരം: പുനഃസംഘടനയുമായി മുന്നോട്ടു പോകുമെന്നു സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കാനുള്ള നീക്കം തുടങ്ങി. ഗ്രൂപ്പ് നേതൃത്വങ്ങൾ അടക്കം എല്ലാ വിഭാഗത്തോടും പട്ടിക നൽകാൻ നിർദേശിച്ചതായാണു സൂചന. ഇവർ നൽകുന്ന പേരുകളിൽ അർഹതയുള്ളവരെ കൂടി പരിഗണിച്ചാകും അന്തിമ പട്ടിക തയാറാക്കുക.
ഡിസിസി പ്രസിഡന്റുമാർ ഒഴികെയുള്ള മറ്റു ഭാരവാഹികളുടെ പട്ടിക തയാറാക്കുന്നതിനായി ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ജില്ലകളിലെത്തി ചർച്ചകളും തുടങ്ങിയിട്ടുണ്ട്. ഡിസംബറിനകം കെപിസിസി- ഡിസിസി പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നീക്കമാണു നടക്കുന്നത്.
ഓരോ ജില്ലയിലും നിശ്ചിത എണ്ണം ഭാരവാഹികളുടെ പട്ടിക തയാറാക്കി സമർപ്പിച്ചാൽ മതിയെന്നാണു നിർദേശം. കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പുനഃസംഘടനയുമായി മുന്നോട്ടു പോകുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരേ ഗ്രൂപ്പ് നേതൃത്വങ്ങൾ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. എ ഗ്രൂപ്പ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി പരാതി നൽകിയെങ്കിലും പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി പരാതി നൽകിയതിനു പിന്നാലെ തിരുവനന്തപുരത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പുനഃസംഘടനയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമായ നിർദേശവും നൽകിയിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറെ നോമിനേറ്റു ചെയ്തിരുന്നു. മുൻപ് എ ഗ്രൂപ്പ് പ്രതിനിധിയായിരുന്നു. ഇപ്പോൾ സംസ്ഥാന നേതൃത്വമാണ് ഇവരുടെ പേര് നിർദേശിച്ചതെന്നും പറയപ്പെടുന്നു.
കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കാനുള്ള നീക്കം തുടങ്ങി
12:41 AM Dec 08, 2021 | Deepika.com