കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ വര്‍ധിക്കുന്ന വര്‍ഗീയ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് ചൂണ്ടിക്കാട്ടി.
സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിക്കപ്പെട്ട സംഭവം ഒരു മാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരെ മധ്യപ്രദേശില്‍ മാത്രം നടന്ന നാലാമത്തെ അതിക്രമമാണ്. പതിവുപോലെ വ്യാജ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളുമാണ് ഇവിടെയും ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമണത്തിന് വഴിയൊരുക്കിയത്.
അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബര്‍ ആറ് തിങ്കളാഴ്ച ഉച്ചയോടെ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരായ നൂറുകണക്കിന് അക്രമികളാണ് സെന്റ് ജോസഫ് സ്കൂളിലേക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്.
അക്രമികളെ തടയാനോ അക്രമം ഒഴിവാക്കാനോ വ്യാജ പ്രചാരണങ്ങളില്‍ ഇടപെടാനോ അധികൃതര്‍ ശ്രമിക്കാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഇന്ത്യയുടെ മതനിരപേക്ഷതയും സാമുദായിക സൗഹാര്‍ദവും ഇല്ലാതാക്കാനുള്ള തത്പരകക്ഷികളുടെ ഗൂഢശ്രമങ്ങളെ വേണ്ടിവന്നാല്‍ നിയമനിര്‍മാണത്തിലൂടെ പ്രതിരോധിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും കമ്മീഷന് സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.
വര്‍ഗീയ അതിക്രമങ്ങള്‍ : സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്
12:41 AM Dec 08, 2021 | Deepika.com