തിരുവനന്തപുരം: മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേരള കൈത്തറി മുദ്ര വരുന്നതോടെ കൈത്തറിയെ ലോക മാർക്കറ്റിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി ഉത്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം ആലോചിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുദ്ര രൂപകൽപന ചെയ്ത അധ്യാപകനായ കെ. കെ. ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതി സംബന്ധിച്ച് കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പഠനം നടത്തുകയും രൂപരേഖ സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർദ്ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് പദ്ധതിയിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.
കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു
12:41 AM Dec 08, 2021 | Deepika.com