കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ അന്തിമമായി തീരുമാനിക്കുന്പോൾ കർഷകർക്കുദോഷം വരാത്ത രീതിയിലുള്ള വിജ്ഞാപനമായിരിക്കും ഉണ്ടാവുകയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിലവിലുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി 31ന് അവസാനിക്കുന്നതിനാൽ അതിനു മുന്‍പ് അന്തിമ വിജ്ഞാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ ദീപികയുടെ കേന്ദ്ര ഓഫീസിൽ സന്ദർശനത്തിനെത്തിയ മന്ത്രി രാഷ്ട്ര ദീപിക ലിമറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിളിച്ച എംപിമാരുടെ യോഗത്തിലും തുടർന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ ചർച്ചയിലും ഉയർന്നുവന്ന നിർദേശങ്ങൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ മന്ത്രി ഭൂപേന്ദർ യാദവ് തന്നെ ചുമതലപ്പെടുത്തിയെന്ന് മുരളീധരൻ പറഞ്ഞു.
16നാണ് ഇനി എംപിമാരുമായി ചർച്ച നടക്കുക. അതിനു മുന്നോടിയായി പശ്ചിമഘട്ട മേഖലയിലെ നേതാക്കളും വിദഗ്ധരുമായി താൻ കൂടിയാലോചന നടത്തും. ഇടുക്കിയലടക്കം സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും അടക്കമുള്ള കേരളത്തിലെ 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം പൂർണമായി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളിലെ ഇളവുകൾ ബാധകമാകുന്ന നോണ്‍ കോർ മേഖലയ്ക്കു കൃത്യമായ നിർവചനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നോണ്‍ കോർ മേഖലയിൽ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും.
ജനജീവിതത്തിനു തടസമുണ്ടാക്കുക എന്നത് കേന്ദ്രസർക്കാരിന്റെ നയമല്ല. എന്നാൽ, വൻകിട ക്വാറികളും വൻകിട റിസോർട്ട് നിർമാണവും ഇത്തരം പ്രദേശങ്ങളിൽ അനുവദിക്കാനാവില്ല. ഓരോ ജില്ലയിലെയും നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ക്വാറികൾ അടക്കമുള്ള പ്രവർത്തനങ്ങൾ അതതു ജില്ലകളിലെ കമ്മിറ്റികൾക്കു തീരുമാനിക്കുന്നതിൽ തടസമുണ്ടാകില്ല.
കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകാൻ സാധ്യതയില്ല. കേരളത്തിനു താങ്ങാൻ കഴിയുന്ന പദ്ധതിയല്ല അത്. റെയിൽവേയുമായി സഹകരിച്ച് നിലവിലെ ലൈനുകൾക്കു മുകളിലൂടെ എലിവേറ്റഡ് ലൈൻ നിർമിച്ച് പുതിയ പാത ഉണ്ടാക്കുന്നതിനെക്കുറിച്ച് കേരളം ചിന്തിക്കണമെന്നും മുരളീധരൻ പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ട്: കർഷകർക്കു ദോഷമില്ലാതെ വിജ്ഞാപനമിറക്കുമെന്ന് വി. മുരളീധരൻ
12:55 AM Dec 06, 2021 | Deepika.com