മങ്കൊമ്പ് : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറി ക്ഷയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഓട്ടോ ഡ്രൈവറടക്കം രണ്ടുപേർക്കു ഗുരുതര പരിക്കേറ്റു. മാമ്പുഴക്കരി എസി കോളനി നമ്പർ 78 ൽ പരേതനായ പ്രഭാകരന്റെ ഭാര്യ കുഞ്ഞമ്മയാ (62) ണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ കിടങ്ങറ ഒന്നാം പാലത്തിനു സമീപമാണ് അപകടം നടന്നത്. ഇളയ മരുമകൾ ജീനയ്ക്കൊപ്പം മൂത്ത മരുമകൾ ദിവ്യയുടെ നാലുകോടിയിലുള്ള വീട്ടിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തെത്തിയപ്പോൾ നെടുമ്പാശേരിയിൽ നിന്നും പുനലൂരിലേക്കു എതിർദിശയിൽവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഗുരുതര പരിക്കേറ്റ മൂവരേയും ചങ്ങനാശേരി താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും അഞ്ചരയോടെ കുഞ്ഞമ്മ മരിക്കുകയായിരുന്നു.
കുഞ്ഞമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഓട്ടോ ഡ്രൈവർ കോളനി നമ്പർ 72 ൽ രതീഷിനു തലയ്ക്കും, കൈക്കും ഗുരുതര പരിക്കുകളുണ്ട്. ജീനയുടെ തലയ്ക്കും ഗുരുതര പരിക്കേറ്റു. കുഞ്ഞമ്മയുടെ സംസ്കാരം പിന്നീട്. മക്കൾ:നിഥിൻ പ്രസാദ്, മനു പ്രസാദ്
കാറും ഓട്ടോയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
12:48 AM Dec 06, 2021 | Deepika.com