തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തി വൈരാഗ്യത്തോടൊപ്പം രാഷ്ട്രീയ വൈരവും കാരണമായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തിരുവല്ല പുളിക്കീഴ് പോലീസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് സന്ദീപിന്റെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുള്ളതായും പിടിയിലായ പ്രതികള്‍ക്ക് ബിജെപി ആര്‍എസ്എസ് ബന്ധമുണ്ടെന്നും ആരോപിച്ചിരിക്കുന്നത്.
സംഭവത്തില്‍ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നും സന്ദീപും കേസിലെ ഒന്നാം പ്രതി ജിഷ്ണുവുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുംമുമ്പേ പോലീസ് ഇത്തരത്തില്‍ പ്രതികരിച്ചത് സിപിഎം നേതാക്കളുടെ കടുത്ത വിമര്‍ശനത്തിനു കാരണമായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികളെയും വെള്ളിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ വൈരാഗ്യം കൂടി ഉള്‍പ്പെട്ടതെന്നു പറയുന്നു.
കൊലപാതകം, അന്യായമായ സംഘം ചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റിലായ പ്രതികളില്‍ ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റാണ്. വേങ്ങല്‍ സ്വദേശിയായ ജിഷ്ണുവിന് സന്ദീപിനെ അടുത്ത പരിചയമുണ്ടായിരുന്നു.
ജിഷ്ണുവിന്റെ മാതാവിന് പുളിക്കീഴിലെ പൊതുമേഖലാസ്ഥാപനത്തിലുണ്ടായിരുന്ന ജോലി നഷ്ടമായതുമായി ബന്ധപ്പെട്ട് സന്ദീപുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ ആദ്യ കണ്ടെത്തല്‍. ഇതുമൂലമുണ്ടായ പക കൊലപാതകത്തിലേക്കു നയിച്ചതായി കണ്ടെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്ണു ജയിലില്‍ കിടക്കുമ്പോഴുണ്ടായ ബന്ധമാണ് മറ്റുള്ളവരുമായുള്ളത്.
വേങ്ങല്‍ സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ ചെറുപുഴ സ്വദേശി ഫൈസില്‍, ആലംതുരുത്തി സ്വദേശി അഭി എന്നിവരാണ് റിമാന്‍ഡിലായത്. ബിജെപി പ്രവര്‍ത്തകനായ ജിഷ്ണുവിന് മറ്റു പ്രതികളുമായുള്ള സൗഹൃദവുമായി ബന്ധിപ്പിച്ചാണ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്.
ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
12:22 AM Dec 05, 2021 | Deepika.com