തിരുവനന്തപുരം: 2021-22 വർഷത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ നീറ്റ് സ്കോർ ഓണ്‍ലൈനായി സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികൾക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും വിവിധ സംവരണാനുകൂല്യങ്ങൾ തെളിയിക്കുന്നതിനുമായി അപേക്ഷയോടൊപ്പം സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുമുന്‍പ് അവസാനമായി ഒരു അവസരംകൂടി നൽകുന്നു.
പത്തിന് വൈകുന്നേരം അഞ്ചുവരെ ഇതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുളള അപേക്ഷയോടൊപ്പം വിവിധ സംവരണാനുകൂല്യങ്ങൾക്കുള്ള അവകാശവാദം ഉന്നയിക്കാത്തവർക്ക് അർഹമായ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ ഈ ഘട്ടത്തിൽ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ നിലവിലുള്ള അപാകതകൾ പരിഹരിക്കുന്നതിനും ഈ അവസരത്തിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളിലെ അപാകതകൾ കാരണം സംവരണം നിരസിക്കപ്പെട്ടവർ ഈ അവസരത്തിൽ സംവരണാനുകൂല്യത്തിനായി പുതിയതായി രേഖകൾ/സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യേതാണ്.
ഈ അവസരത്തിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അതു പരിഹരിക്കുന്നതിന് വീണ്ടും അവസരം നൽകുന്നതല്ല.
ഹെൽപ്പ് ലൈൻ നന്പർ: 0471 2525300.
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ: സംവരണാനുകൂല്യങ്ങളിലെ അപാകത പരിഹരിക്കാന്‍ അവസരം
11:18 PM Dec 04, 2021 | Deepika.com