തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപക,അനധ്യാപക പട്ടിക ഇന്ന് വിദ്യാഭ്യസ വകുപ്പ് പുറത്തുവിടും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി ഉച്ചയോടെ വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക പുറത്തുവിടുമെന്നറിയിച്ചിരുന്നു. എന്നാൽ പിന്നീട് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പട്ടിക പ്രസിദ്ധീകരണം ഇന്നേ ഉണ്ടാവുകയുള്ളു എന്ന സൂചന നല്കി. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ പത്രസമ്മേളനത്തിൽ ഇനിയും വാക്സിൻ സ്വീകരിക്കാനുള്ളവരുടെ കണക്ക് വ്യക്തമാക്കും.
മുമ്പ് വിദ്യാഭ്യാസമന്ത്രി അറിയിച്ചത് 5000 അധ്യാപകർ കൂടി വാക്സിൻ സ്വീകരിക്കാൻ ഉണ്ടെന്നാണ്. കോവിഡ് വാക്സിൻ ഇനിയും എടുത്തിട്ടില്ലാത്ത അധ്യാപകർ ഓരോ ആഴ്ച്ചയും ആർടിപിസിആർ പരിശോധന നടത്തി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നല്കണമെന്ന നിർദേശം നിലവിലുണ്ടെന്നും അത് കർശനമായി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വാക്സിൻ എടുക്കാത്ത അധ്യാപക, അനധ്യാപക പട്ടിക ഇന്ന് പുറത്തുവിടും
12:59 AM Dec 04, 2021 | Deepika.com