തൊടുപുഴ: സംസ്ഥാന ഡാം സുരക്ഷാ അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ മലങ്കര ജലാശയത്തിൽ പരിശോധന നടത്തി. പതിവ് പരിശോധനയുടെ ഭാഗമായായിരുന്നു സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ കണ്ടെത്തിയ ഡാമിലെ ചോർച്ച തടയുന്നതിനുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇതു ഗുണം ചെയ്തു. ഇപ്പോൾ ഡാമിന്റെ അവസ്ഥ തൃപ്തികരമാണ്. കുളമാവ് ഡാമിലെ ചിലഭാഗങ്ങളിൽ മണ്ണിടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവിടെ സന്ദർശനം നടത്തി തുടർ നടപടികൾ സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകും.ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരമായി ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അലക്സ് വർഗീസ്, റിട്ട. ചീഫ് എൻജിനിയർ ഷംസുദീൻ, ഐഡിആർബി സൂപ്രണ്ടിംഗ് എൻജിനിയർ പ്രിയേഷ്, മൂവാറ്റുപുഴ പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ സി.കെ. ശ്രീകല തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ ഡാമുകളിൽ പരിശോധന നടത്തി
12:55 AM Dec 03, 2021 | Deepika.com