പത്തനംതിട്ട: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളില്‍ പ്രഥമാധ്യാപകര്‍ക്കു ജോലിഭാരം ഇരട്ടിപ്പിക്കുന്നു. ഭാരിച്ച സാമ്പത്തിക ബാധ്യതയ്ക്കു പിന്നാലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഉത്തരവുകള്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയാണ്.
സ്കൂളുകളില്‍ ഹാജരാകാത്ത കുട്ടികള്‍ക്കുള്ള അരി തൂക്കി ഇന്നും നാളെയുമായി നല്‍കാനാണ് പുതിയ ഉത്തരവ്. നവംബര്‍ ഒന്നു മുതല്‍ അധ്യയനം ആരംഭിച്ചെങ്കിലും സ്കൂളുകളില്‍ ഹാജര്‍ കുറവാണ്. എന്നാല്‍ ഭക്ഷ്യഭദ്രത അലവന്‍സിന്റെ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കെല്ലാം അര്‍ഹമായ അരി അതാത് സ്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്തത്തില്‍ തൂക്കി നല്കി റിപ്പോര്‍ട്ട് നല്‍കണമെന്നതാണ് പുതിയ ഉത്തരവ്.
പ്രീ പ്രൈമറിക്ക് 30 ഗ്രാം, പ്രൈമറിക്ക് 100 ഗ്രാം, അപ്പര്‍ പ്രൈമറിക്ക് 150 ഗ്രാം എന്നീ നിരക്കിലാണ് അരി തൂക്കി നല്‍കേണ്ടത്. ഇത് ഒരു വിദ്യാര്‍ഥിക്ക് ഓരോ ദിവസം ലഭിക്കേണ്ട അരിയുടെ കണക്കാണ്. കുട്ടി ഹാജരാകാത്ത ദിവസത്തെയും ക്ലാസുകള്‍ മുടങ്ങിയ ദിവസത്തെയും അരി ഈ രീതിയില്‍ കണക്കാക്കി നല്‍കണം. പ്രളയം മൂലമോ മറ്റോ സ്കൂളിന് അവധി നല്കിയിട്ടുണ്ടെങ്കില് ആ ദിവസത്തെ അരിയും കണക്കില്‍ ഉള്‍പ്പെടും. എട്ടാംക്ലാസുകാര്‍ക്ക് നവംബര്‍ ആദ്യം മുതല്‍ തന്നെയുള്ള ദിനങ്ങള്‍ കണക്കാക്കി കുട്ടി ഹാജരില്ലാത്ത ദിവസങ്ങളിലെ അരി നല്‍കാനാണ് നിര്‍ദേശം.
അരി വിതരണം ചെയ്ത വിവരം പ്രഥമാധ്യാപകര്‍ രേഖാമൂലം കുട്ടിയുടെയും രക്ഷിതാവിന്റെയും ഒപ്പുവാങ്ങി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. വിവരങ്ങള്‍ നാളെത്തന്നെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന നല്‍കുകയും വേണം.
ഉച്ചഭക്ഷണ വിതരണം വന്‍ സാമ്പത്തിക ബാധ്യതയായി പ്രഥമാധ്യാപകര്‍ക്കു മാറിയിരിക്കുകയാണെന്ന് വിവിധ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 150 വരെ കുട്ടികളുള്ള സ്കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയാണ് ഉച്ചഭക്ഷണത്തിനു സര്‍ക്കാര്‍ നല്‍കുന്നത്. 150 മുതല്‍ 500 വരെയുള്ള കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ ഇത് ഏഴു രൂപയും അഞ്ഞൂറിനു മുകളിലാണെങ്കില്‍ ആറു രൂപയുമാകു ലഭിക്കുക.
പാലും മുട്ടയും പച്ചക്കറിയും പലവ്യഞ്ജനവും പാചകവാതവും അടക്കമുള്ള ചെലവുകള്‍ക്കാണ് ഈ തുക നല്‍കുന്നത്. സാധനങ്ങള്‍ക്കും പാചകവാതകത്തിനും അടിക്കടി വില ഉയരുന്നതോടെ ഉച്ചഭക്ഷണ പദ്ധതിയിലെ ബാധ്യതയേറുകയാണ്. പ്രൈമറി സ്കൂളുകളില്‍ പ്രഥമാധ്യാപകരാണ് പദ്ധതിയുടെ പൂര്ണച്ചുമതലക്കാര്. ഭക്ഷണം നല്‍കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൃത്യമായി എഴുതി സൂക്ഷി ക്കുന്നതും ഓണ്‍ലൈനിലൂടെ കൈമാറേണ്ടതുമൊക്കെ പ്രഥമാധ്യാപകന്റെ ചുമതലയാണ്.
ബിജു കുര്യന്
ക്ഷമിക്കുക; ഹെഡ്മാസ്റ്റര് അരി അളക്കുകയാണ്
12:52 AM Dec 02, 2021 | Deepika.com