തമിഴ്നാട്ടിലെ, ശ്രീപെരുമ്പത്തൂരിൽ പ്രവര്‍ത്തിക്കുന്ന ഇന്സ്റ്റിറ്റ്യൂഷന് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് (RGNIYD). 1993 ല്‍ ആരംഭിച്ച ഈ സ്ഥാപനം കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോര്‍ട്സിന്റെ കീഴിലാണ്.
RGNIYD യുടെ ലക്ഷ്യവും സെന്ററുകളും
RGNIYD പ്രധാനമായും ശ്രദ്ധിക്കുന്നത് യുവജനങ്ങളുടെ പുരോഗതിക്കാവശ്യമായ വിവിധ പഠന പദ്ധതികളും ഗവേഷണ പദ്ധതികളും നടപ്പിലാക്കുക എന്നതാണ്. യുവജന ക്ഷേമവുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വിവിധ പരിശീലന പരിപാടികളുടെ കോ -ഒാർഡിനേഷനും RGNIYD ക്കാണ്. ശ്രീപെരുമ്പത്തൂരിനു പുറമെ രണ്ടു റീജണൽ സെന്ററുകൾ കൂടി രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിനുണ്ട്. പശ്ചിമ ബംഗാളിലെ ചാന്ദിഗ്രാമിലാണ് ഒരു സെന്റർ മറ്റൊന്ന് അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റേണ്‍ റീജണല്‍ സെന്ററും. ഈ രണ്ടു സെന്റുകളിലും സ്കിൽ ഡെവലപ്മെന്റ് പരിശീലന പ്രോഗ്രാമുകളാണ് നടത്തുന്നത്. അക്കാഡമിക് കോഴ്സുകൾ മെയിൻ സെന്റിൽ മാത്രമാണുള്ളത്. കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കുന്ന യൂത്ത് ഇന്‍ഡക്സ് റിപ്പോര്‍ട്ട് തയാറാക്കുന്നതും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റാണ്.
അക്കാഡമിക് കോഴ്സുകളും യോഗ്യതകളും
എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ സയന്‍സ്), എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്), എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി)- ഈ മൂന്ന് എംഎസ്സി കോഴ്സുകള്‍ക്കും പ്രവേശനത്തിന് അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമോ (50% മാർക്ക്) അല്ലെങ്കില്‍ മാത്തമാറ്റിക്സ്/സയൻസ് (ഒരു വിഷയം മാത്തമാറ്റിക്സ് നിർബന്ധം) ബിരുദോമോ (50 % മാർക്ക്) ആണ് യോഗ്യത. എംസി മാത്തമാറ്റിക്സ്-യോഗ്യത മാത്തമാറ്റിക്സ് ബിരുദം (50 % മാര്‍ക്ക്). എംഎസ്സി അപ്ലൈഡ് സൈക്കോളജി- യോഗ്യത ബിഎ/ബിഎസ്സി സൈക്കോളജി (50 % മാര്‍ക്ക്). എം എ ഇംഗ്ലീഷ്- ബിഎ ഇംഗ്ലീഷ് (50 % മാര്‍ക്ക്) അല്ലെങ്കിൽ ഏതെങ്കിലും ബിരുദം (50 % മാര്‍ക്ക്, ഇംഗ്ലീഷ് ഭാഷ ഒരു പ്രധാന വിഷയമായി പഠിച്ചിരിക്കണം). എം എ സോഷ്യോളജി- ഏതെങ്കിലും വിഷയത്തില്‍ ബിരുദം (50 % മാര്‍ക്ക്). എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന്- ഏതെങ്കിലും വിഷയത്തില്‍ ബിരുദം (50 % മാര്‍ക്ക്). എം എ ഡെവലപ്മെന്റ് സ്റ്റഡീസ്- യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം(50 % മാര്‍ക്ക്). എംഎസ് ഡബ്ല്യു- യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം (50 % മാര്‍ക്ക്). ഈ കോഴ്സുകൾക്കു പുറമെ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന്, എംഎ ഡെവലപ്മെന്റ്് സ്റ്റഡീസ് എന്നീ കോഴ്സുകൾ 2021-22 അക്കാഡമിക് വര്‍ഷം മുതല്‍ ചാന്ദിഗ്രാമില് കൂടി തുടങ്ങും.
ഗവേഷണ കോഴ്സുകൾ
മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയുള്ള ഫുള്‍ടൈം പിഎച്ച്ഡി റിസര്‍ച്ച് കോഴ്സുകളും നാലുവര്‍ഷം മുതല്‍ ആറു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള പാര്‍ട് ടൈം ഗവേഷണ കോഴ്സുകളും RGNIYD യിൽ ഉണ്ട്. താഴെപ്പറയുന്ന മേഖലകളിൽ പഠിതാക്കൾക്ക് ഗവേഷണം നടത്താം. അപ്ലൈഡ് സൈക്കോളജി, ജെന്‍ഡര്‍ സ്റ്റഡീസ് (ഇന്റര്‍ ഡിസിപ്ലിനറി), ഡെവലപ്മെന്റ് സ്റ്റഡീസ് (ഇന്റര്‍ ഡിസിപ്ലിനറി), സോഷ്യല്‍ എന്‍ജിനിയറിംഗ് (ഇന്റര്‍ ഡിസിപ്ലിനറി), ലോക്കല്‍ ഗവര്ണന്സ്, സോഷ്യല്‍ വര്‍ക്ക്.
വൊക്കേഷണൽ ബിരുദ കോഴ്സുകൾ
രണ്ട് വൊക്കേഷണൽ ബിരുദ കോഴ്സുകൾ കൂടി RGNIYD നടത്തുന്നുണ്ട്. മൂന്നുവര്‍ഷം പഠനകാല ദൈര്‍ഘ്യമുള്ള ഫുള്‍ടൈം കോഴ്സുകളാണിവ രണ്ടു വ്യത്യസ്ത മേഖലയിലുള്ള സ്പെഷലൈസേഷനുകളാണ് നല്‍കുന്നത്. അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്‍ഡ് എന്‍ട്രപ്രണര്‍ ഷിപ്പും ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഡീറ്റെയില്സുമാണ് RGNIYD നടത്തുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത പന്ത്രണ്ടാം ക്ലാസാണ് ( 50 ശതമാനം മാര്‍ക്ക്). പ്രവേശനം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രത്യേകമായ പ്രവേശന പരീക്ഷയില്ല.
പ്രവേശന രീതികളും പ്രവേശനപരീക്ഷയും
ഓണ്‍ലൈനായിട്ടാണ് അപേക്ഷസമർപ്പിക്കേണ്ടത്. യോഗ്യത പരീക്ഷയുടെ മാര്‍ക്ക് കൂടാതെ RGNIYD നടത്തുന്ന ഒരു പ്രവേശനപരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
വിജ്ഞാപനഘങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും www.rgn id.gov.in.
ബാബു പള്ളിപ്പാട്ട് 9496181703
babu.mgu@gmail.com
രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ്
01:14 AM Dec 01, 2021 | Deepika.com