കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടു വയസുള്ള കുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ചതു കാക്കി ധരിച്ചതിന്റെ ധാര്ഷ്ട്യത്തിലാണെന്നും ഇത്തരത്തിലുള്ള പിങ്ക് പോലീസ് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.
സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്ക്കെതിരേ നടപടി വേണമെന്നും അപമാനത്തിനിരയായ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പിതാവ് മുഖേന നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
എത്ര ക്രൂരമായാണ് പെരുമാറിയത്. പകരം ഖദര്‍ ധരിച്ച വ്യക്തിയായിരുന്നെങ്കില്‍, അല്ലെങ്കില്‍ ചുവപ്പോ നീലയോ ഷര്‍ട്ടു ധരിച്ച വ്യക്തിയായിരുന്നെങ്കില്‍ ഇങ്ങനെ പെരുമാറുമോ? ഇതെന്തു തരം പിങ്ക് പോലീസാണ്? തെറ്റു പറ്റിയെന്നറിഞ്ഞപ്പോഴെങ്കിലും മാപ്പു പറയാന്‍ തയാറാകണമായിരുന്നു. എന്തുകൊണ്ടാണ് കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കഴിയാതെ പോയത്- കോടതി ചോദിച്ചു.
ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികളും കാരണവും അന്വേഷണ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കി ഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നല്കിയ ഉത്തരവില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്നുള്ള മാനസികാഘാതം മൂലം കുട്ടിക്ക് വേണ്ടി വന്ന ചികിത്സയുടെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ നല്കാന് ഹര്‍ജിക്കാരിയുടെ അഭിഭാഷകയോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
പിങ്ക് പോലീസിനെതിരേ ഹൈക്കോടതി
12:34 AM Nov 30, 2021 | Deepika.com