കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥന്റെ മകന് മാരക മയക്കുമരുന്നുമായി പിടിയിലായ കേസില്‍ കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ അന്വേഷണമാരംഭിച്ചു. ഒ.ബി. ഗണേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം .
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയും എക്സൈസ് ജോയിന്റ് കമ്മീഷണറുടെ മകനുമായ നിര്‍മലിനെയാണ് നാലു ഗ്രാം ഹാഷിഷുമായി കഴിഞ്ഞ ദിവസം ആര്‍പിഎഫ് പിടികൂടിയത്. എക്സൈസിനു കൈമാറിയ പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
യുവാവ് മയക്കുമരുന്നിന് അടിമയാണെന്നും സ്വയം ഉപയോഗത്തിനായാണ് എത്തിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. മംഗളൂരു, ഗോവ എന്നിവിടങ്ങളിലുള്ള മയക്കുമരുന്നു സംഘത്തില്‍നിന്നാണു ഹാഷിഷ് വാങ്ങിയതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യുവാവിനെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും. മാരക മയക്കുമരുന്നുമായാണ് യുവാവിനെ പിടികൂടിയതെങ്കിലും ജാമ്യത്തില്‍ വിട്ടയച്ച നടപടി വിവാദമായിരുന്നു.
അതേസമയം, കുറഞ്ഞ അളവില്‍ മയക്കുമരുന്ന് പിടികൂടിയാല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും യുവാവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും എക്സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന് അറിയിച്ചു.
എന്നാല്‍, രണ്ടുദിവസം മുന്‍പ് 2.1 ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയിലായത് എക്സൈസ് വാര്‍ത്താക്കുറിപ്പായി ഇറക്കിയിരുന്നു. ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു.
എക്സൈസ് ജോയിന്റ് കമ്മീഷണറുടെ മകന് ഹാഷിഷുമായി പിടിയില്‍
12:34 AM Nov 30, 2021 | Deepika.com