കോട്ടയം: എംജി യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ മ്യൂസിക് (ഐയുസിഎസ്എസ്എം) അടുത്തമാസം 16, 17 തീയതികളിൽ സംഘടിപ്പിക്കുന്ന ’താളവാദ്യത്തിന്റെ ശാസ്ത്രം’ എന്ന വിഷയത്തെ അധികരിച്ചുള്ള ദേശീയ സമ്മേളന പരിപാടിയിൽ സംഗീതജ്ഞനും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനെ ആദരിക്കും.
16നു രാവിലെ 9.30ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആസൂത്രണബോർഡംഗവും സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ ഡോ. ബി. ഇക്ബാൽ വിശിഷ്ടാതിഥിയായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, ഐയുസിഎസ്എസ്എം ഓണററി ഡയറക്ടർ പ്രഫ. കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.
പാറശാല രവി (മൃദംഗം), ചന്ദ്രശേഖര ശർമ്മ (ഘടം), വിജയ് നടേശൻ, മനോജ് കുറൂർ, രത്നശ്രീ അയ്യർ എന്നിവർ സംസാരിക്കും.
17ന് നടക്കുന്ന വിവിധ സെഷനുകളിൽ തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക), വിജയ് നടേശൻ, വി.കെ.കെ. ഹരിഹരൻ (മിഴാവ്), കോട്ടയം മുരളീധരൻ (മോർഷാംഗ്), ആലപ്പുഴ വിജയകുമാർ (തകിൽ), തുടങ്ങിയവർ പങ്കെടുക്കും. പ്രശസ്ത സംഗീതജ്ഞർ തിരുവിഴ ജയശങ്കറെ സമാപന ചടങ്ങിൽ സിൻഡിക്കറ്റംഗം പ്രൊഫ. പി. ഹരികൃഷ്ണൻ ആദരിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ അഞ്ചിന് മുന്പായി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. 9446356612 എന്ന ഫോണ് നന്പറിലും jayachandrank@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ ലഭിക്കും.
എംജി സർവകലാശാലയിൽ ’താളവാദ്യത്തിന്റെ ശാസ്ത്രം’ ഡിസംബർ 16, 17 തീയതികളിൽ
12:14 AM Nov 29, 2021 | Deepika.com