തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇത്തരം പരാതികൾ ലഭിച്ചാൽ മികച്ച പരിഗണന നൽകി കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് സമർപ്പിക്കാനും നിർദേശമുണ്ട്.
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവസരത്തിനൊത്ത് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും, ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. നോക്കുകൂലി ആവശ്യപ്പെടുന്ന പരാതികളിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി പോലീസിന് കേസെടുക്കാം. നോക്കു കൂലി ആവശ്യപ്പെടുന്നതു ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു തുല്യമാണെന്നു നേരത്തേ ഹൈക്കോടതി വിധിച്ചിരുന്നു.
ഇത്തരം കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുളള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാമെന്നും ഹെക്കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സർക്കുലർ.
നോക്കുകൂലി: കേസെടുത്ത് അന്വേഷിക്കണമെന്നു ഡിജിപി
01:52 AM Nov 28, 2021 | Deepika.com