കോഴിക്കോട്: പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തുവെന്ന് പറഞ്ഞ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സ്വീകരിച്ച നടപടിയില്‍ ദേശീയ നേതൃത്വത്തെ വിമതവിഭാഗം അതൃപ്തി അറിയിച്ചു.
ദേശീയ കൗണ്‍സില്‍ അംഗങ്ങളാണെന്നിരിക്കെ സ്വീകരിച്ച നടപടിയില്‍ ഇടപെടണമെന്നും നേതൃത്വം വ്യക്തമാക്കി. ഇന്നോ നാളെയോ 16 അംഗ സമിതി യോഗം ചേരുമെന്നും ഭാവി നടപടികള്‍ ഈ യോഗത്തില്‍ സ്വീകരിക്കുമെന്നും ഷെയ്ഖ് പി. ഹാരിസ് ദീപികയോടു പറഞ്ഞു.
ശ്രേയാംസ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ലെന്നും ദേശീയ കമ്മിറ്റി നോമിനേറ്റ് ചെയ്തയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ കമ്മിറ്റി തന്നെയാണ് തന്നെയും സുരേന്ദ്രന്‍പിള്ളയെയും നോമിനേറ്റ് ചെയ്തത്.
നാഷണല്‍ എക്സ്ക്യൂട്ടീവ് അംഗങ്ങളായ തങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും നോട്ടീസ് അയയ്ക്കാനും അധികാരമുള്ളത് ദേശീയ കമ്മിറ്റിക്കാണെന്നും ശ്രേയാംസ്കുമാറിന് അധികാരമില്ലെന്നും ഷെയ്ഖ് പി.ഹാരിസ് പറഞ്ഞു.
അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നു നേതാക്കള്‍ തീരുമാനിച്ചതോടെ പിളര്‍പ്പ് ഉറപ്പായി. എല്‍ഡിഎഫ് വിടുന്നതു സംബന്ധിച്ച് ഇതുവരെയും വ്യക്തമായ തീരുമാനം ഇരുപക്ഷവും സ്വീകരിച്ചിട്ടില്ല. മുന്നണിയില്‍ ഇരു വിഭാഗങ്ങളിലും ആര്‍ക്കാണ് പ്രാധാന്യം ലഭിക്കുകയെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാരോപിച്ച് സംസ്ഥാന ഭാരവാഹികളായ ഷെയ്ഖ് പി.ഹാരിസ്, വി. സുരേന്ദ്രന് പിള്ള, അങ്കത്തില്‍ അജയ്കുമാര്‍ , രാജേഷ് പ്രേം എന്നിവരെയാണ് ഭാരവാഹിത്വത്തില്‍നിന്നു നീക്കിയത്.
എല്‍ജെഡി പിളരുന്നു; വിമതര്‍ ദേശീയ നേതൃത്വത്തെ സമീപിച്ചു
12:50 AM Nov 26, 2021 | Deepika.com