പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പന്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ ഉച്ചയോടെ തുറന്നു. 25 മുതൽ 100 ക്യുമെക്സ് വെള്ളം വരെയാണ് പുറത്തേക്കുവിടുന്നത്. ഇതുമൂലം പന്പാനദിയിൽ പരമാവധി 10 സെന്റിമീറ്റർവരെ ജലം ഉയരാമെന്നാണ് നിഗമനം.
കഴിഞ്ഞദിവസം പെയ്ത മഴയിൽ നദിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ഡാമിലെ വെള്ളംകൂടി എത്തുന്നതുമൂലം നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പന്പ ത്രിവേണി മുതൽ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. നദിയിൽ ഇറങ്ങുന്നതിനു കർശന വിലക്ക് ഏർപ്പെടുത്തി.
പന്പ ത്രിവേണിയിൽ വെള്ളിയാഴ്ച രാത്രി വെള്ളം കയറിയതിനെത്തുടർന്ന് ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര വിലക്കിയിരുന്നു. ഇന്നലെ രാവിലെ വെള്ളം ഇറങ്ങിയതോടെ സന്നിധാനത്തേക്കു യാത്രാനുമതി നൽകിത്തുടങ്ങി.
പന്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു
12:29 AM Nov 21, 2021 | Deepika.com