തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്പോൾ സ്കൂളിലെ ടൈംടേബിൾ തയാറാക്കേണ്ടത് ഓരോ സ്കൂളിന്റെയും സാഹചര്യം പരിഗണിച്ചുവേണമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് മാർഗരേഖയിൽ നിർദേശം.
ഇതിനായി കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം, എന്നീ ഘടകങ്ങൾ പരിഗണിക്കണം. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകണം. വിഡിയോ ക്ലാസിലൂടെ ലഭിച്ച അറിവുകൾ പങ്കുവയ്ക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ് മുറി ഉപയോഗിക്കണം.
അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസുകളും ഓണ്‍ലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം. ഇതിനായി പ്രത്യേക രക്ഷാകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണമെന്നും അക്കാദമിക് മാർഗരേഖയിൽ വ്യക്തമാക്കുന്നു.
ടൈംടേബിൾ തയാറാക്കേണ്ടത് സ്കൂളുകളുടെ സാഹചര്യം പരിഗണിച്ചെന്ന് അക്കാദമിക് മാർഗരേഖ
12:58 AM Oct 28, 2021 | Deepika.com