പാലാ: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മധ്യമേഖലാ നേതൃസംഗമം നാളെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ഓഡിറ്റോറിയത്തില്‍ നടത്തും.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയും ശരിയായ ദിശ കുട്ടികള്‍ക്ക് കൈമാറുകയും ചെയ്യുകയാണ് മേഖലാ നേതൃസംഗമത്തിന്റെ ലക്ഷ്യം.
കോതമംഗലം, എറണാകുളം, വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ, ആലപ്പുഴ തുടങ്ങിയ രൂപതകള്‍ ഉള്‍ക്കൊള്ളുന്നതാണ് തെക്കന്‍ മേഖല.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. രൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തും.
കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം സന്ദേശം നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, സംസ്ഥാന ജനറല്‍ സെകട്ടറി സി.ടി. വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ ചര്‍ച്ച നയിക്കും. തുടര്‍ന്ന് ആനുകാലിക വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും.
ടീച്ചേഴ്സ് ഗില്‍ഡ് മധ്യമേഖലാ നേതൃസംഗമം 27 നു പാലായില്‍
01:20 AM Oct 26, 2021 | Deepika.com