റാന്നി: മലയോര വനമേഖലയായ കുരുമ്പന്‍മൂഴി പനംകുടന്ത വെള്ളച്ചാട്ടത്തിനു സമീപം ശനിയാഴ്ച വൈകുന്നേരമുണ്ടായ ഉരുള്‍പൊട്ടല്‍ വന്‍നാശമാണ് പ്രദേശത്ത് വരുത്തിയത്. ആളപായമുണ്ടായില്ലെങ്കിലും ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഒറ്റപ്പെട്ടുപോയ നാലു കുടുംബങ്ങളിലെ 21 ആളുകളെ ഒഴിപ്പിച്ചത്. റാന്നി താലൂക്കിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലെ വനമേഖലയിലുള്ള പ്രദേശത്താണ് നാശനഷ്ടമുണ്ടായത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പമ്പാനദിക്കു കുറുകെയുള്ള കോസ് വേ മുങ്ങിയതോടെ മറുകരയിലേക്കുള്ള യാത്ര അസാധ്യമായി. ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തുകയും ഇന്നലെ പുലര്‍ച്ചെയോടെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയും ചെയ്തു. രണ്ട് തോടുകള്‍ക്കും വനത്തിനും മധ്യേയാണ് ഈ ആദിവാസി കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്.
വീടുകള്‍ക്കും കൃഷിക്കും നാശം സംഭവിച്ചു. ഒരു വീട് പൂര്‍ണമായി നശിച്ചു. തോട് ഗതിമാറി ഒഴുകിയതോടെ ഭൂപ്രകൃതി തന്നെ മാറി. മൂന്ന് പാലങ്ങള്‍ ഒലിച്ചുപോയി. മണക്കയം കോളനിയിലേക്കുള്ള തൂക്കുപാലം, പുന്നൂര്പടിയിലെയും പനംകുടന്ത തോട്ടിലെയും നടപ്പാലങ്ങള്‍ എന്നിവയാണ് ഒലിച്ചു പോയത്.
ഇതോടെ പ്രദേശം കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. പല വീടുകളിലെയും ചെളിയും കല്ലും മാറ്റാന്‍ കഴിയാത്ത തരത്തിലാണ് ഉള്ളത്. സീതത്തോട് ആങ്ങമൂഴി പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായി. ആങ്ങമൂഴി, പ്ലാപ്പള്ളി വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്.
കോട്ടമണ്‍പാറ ലക്ഷ്മിഭവനില്‍ സഞ്ജയിനാണ് ഈ മേഖലയില്‍ നഷ്ടം ഏറെയുണ്ടായത്. സഞ്ജയന്റെ കാര്‍, റബര്‍ ഷീറ്റ് പുര തുടങ്ങിയവ നഷ്ടമായി. ആങ്ങമൂഴി റോഡിനും പാലത്തിനും തകരാറുകളുണ്ടായി.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങള്‍ മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ ഇന്നലെ സന്ദര്‍ശിച്ചു.
ഉരുള്‍പൊട്ടല്‍: കുരുമ്പന്മൂഴിയിലുണ്ടായത് വന്‍ നാശനഷ്ടം
12:37 AM Oct 25, 2021 | Deepika.com