തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ തുടക്കം.
അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെഎസ്എഫ്ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മസ്കത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകൾ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാം.
വിവിധ സഹകരണസ്ഥാപനങ്ങൾ, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റ് നാഷണലൈസ്ഡ് ബാങ്കുകൾ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായ പദ്ധതിക്ക് തുടക്കം
12:00 AM Oct 25, 2021 | Deepika.com