കോട്ടയം: ഫാസിസ്റ്റ് സമീപനങ്ങളിൽനിന്നു പിന്മാറാൻ എസ്എഫ്ഐ നേതൃത്വം തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എ കബീർ.
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായി മത്സരിക്കാനാണ് എഐഎസ്എഫ് ശ്രമിച്ചത്. എഐഎസ്എഫ് വിദ്യാർഥികൾക്കിടയിൽ നേടിയ സ്വീകാര്യതയിൽ വിറളിപൂണ്ട എസ്എഫ്ഐ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ എഐഎസ്എഫ് ഭാരവാഹികളെ ആക്രമിക്കുകയായിരുന്നുവെന്നും കബീർ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന കൗണ്‍സിൽ അംഗം സഹദിനെയും പിന്നീട് മറ്റുള്ളവരെയും വളഞ്ഞിട്ട് ആക്രമിച്ചു. ആക്രമണത്തിനു ശേഷമാണു പോലീസ് സ്ഥലത്തേക്ക് എത്തിയത്. സഹപ്രവർത്തകരെ മർദിക്കുന്നതു കണ്ട് ഓടിയെത്തിയ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷയും ആക്രമണത്തിനിരയായി.
നിമിഷയെ അപമാനിക്കുന്ന വിധത്തിലേക്കും കാര്യങ്ങളെത്തി. ഈ വിഷയത്തിൽ നിയമപരമായ നടപടികളുമായി നിമിഷയും സംഘടനയും മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഫാസിസ്റ്റ് സമീപനങ്ങളിൽനിന്ന് എസ്എഫ്ഐ പിന്മാറണം: എഐഎസ്എഫ്
12:12 AM Oct 23, 2021 | Deepika.com