തിരുവനന്തപുരം: ഇടുക്കി, ഇടമലയാർ, പന്പ ഡാമുകൾ ഇന്നു തുറക്കും. രാവിലെ 11ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഒരടി വീതം ഉയർത്തും. അര മണിക്കൂർ ഇടവിട്ട് മൂന്നു ഷട്ടറുകളാണ് ആദ്യഘട്ടത്തിൽ തുറക്കുക.
ഇതുവഴി ഒരേസമയം 100 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകും. ഡാം തുറക്കുന്നതിലൂടെ പരമാവധി 10 മുതൽ 15 സെന്റിമീറ്റർ മാത്രമേ നദികളിൽ ജലനിരപ്പ് ഉയരുകയുള്ളൂവെന്നും ആശങ്ക വേണ്ടെന്നും കെഎസ്ഇബി ചെയർമാൻ ഡോ.ബി. അശോക് അറിയിച്ചു. എന്നാൽ, പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.അതത് ജില്ലാ അഥോറിറ്റികൾക്കു ഡാമുകൾ പരമാവധി എത്രമാത്രം തുറക്കാമെന്ന് തീരുമാനിക്കാം.
ഇടുക്കി ഇന്നു രാവിലെ 11നു തുറക്കും
ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളാണ് ഇന്നു രാവിലെ 11നു തുറക്കും. 35 സെന്റി മീറ്റർ വീതം മൂന്നു ഷട്ടറുകളും ഉയർത്തി സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കും.
വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലെത്തുന്നതിനു മുൻപ് തുറന്നുവിട്ട് ജലവിതാനം ക്രമീകരിക്കാനാണ് നേരത്തേതന്നെ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ രാത്രി ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 2397.52 അടിയാണ്.
ജലനിരപ്പ് 2396.86 അടി പിന്നിട്ടതോടെ ഇന്നലെ രാവിലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അളവിൽ വെള്ളം ഒഴുക്കിവിടാനാണു തീരുമാനം.
ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്തതിനു ശേഷം ഇതുവരെ ആറുതവണ അണക്കെട്ട് തുറന്നിട്ടുണ്ട്. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും അഞ്ച് ഷട്ടറുകളും തുറന്നു. ഇതേ വർഷങ്ങളിൽ മഴ ശക്തമായതോടെ നവംബറിൽ വീണ്ടും അണക്കെട്ട് തുറന്നു.
2018 ഓഗസ്റ്റ് ഒന്പത്, ഒക്ടോബർ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018-ൽ ഓഗസ്റ്റ് ഒന്പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 25 സെന്റിമീറ്ററാണ് ആദ്യം ഉയർത്തിയത്. പിന്നീട് 15-ഓടെ അഞ്ചുഷട്ടറുകളും ഉയർത്തി.
ജലനിരപ്പ് 2391 അടിയിലും താഴെ എത്തിയതോടെ സെപ്റ്റംബർ ഏഴിന് ഉച്ചയോടെയാണ് 29 ദിവസത്തിനുശേഷം ഷട്ടറുകൾ പൂർണമായും അടച്ചത്.
ഷട്ടറുകൾ ഒരുമിച്ചു തുറക്കില്ല
തിരുവനന്തപുരം: അണക്കെട്ടുകളുടെ ഷട്ടറുകൾ ഒരുമിച്ചു തുറക്കില്ല. ഇടുക്കിയിൽ മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുക. പിന്നീട് ഇരുവശങ്ങളിലെയും. ചുരുങ്ങിയത് അരമണിക്കൂർ ഇടവിട്ടായിരിക്കും മൂന്നു ഷട്ടറുകളും തുറക്കുന്നത്. ഇടമലയാറിലും പന്പയിലും ഇതേ സമയക്രമത്തിൽ രണ്ടും ഷട്ടറുകൾ വീതവും തുറക്കും.
ഇടുക്കി, ഇടമലയാർ, പന്പ ഇന്നു തുറക്കും; നദീതീരങ്ങളിൽ ജാഗ്രത
01:30 AM Oct 19, 2021 | Deepika.com