കൊച്ചി: കല്പറ്റ-മാനന്തവാടി സംസ്ഥാനപാതയുടെ ഇരുവശങ്ങളിലുമുള്ള അനധികൃത ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ (ഷെല്‍ട്ടറുകള്‍) മൂന്നു മാസത്തിനകം നീക്കംചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും ഗതാഗത-മോട്ടോര്‍ വാഹന വകുപ്പുകളുടെയും പോലീസിന്റെയും സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
വയനാട്ടിലെ കല്പറ്റ-മാനന്തവാടി സംസ്ഥാന പാതയോരത്ത് ബസ് ഷെല്‍ട്ടറുകളുടെ മറവില്‍ വ്യക്തികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പേരില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി വയനാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനായ കെ. അസീസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
കമ്പളക്കാട് ബസ് സ്റ്റാന്‍ഡ് 2014 മുതല്‍ നിലവിലുണ്ടെങ്കിലും ബസുകള്‍ കയറുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് ഉപയോഗപ്രദമാക്കണമെന്നും ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിക്കവെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അനധികൃത ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം നടന്നില്ലെന്നു പൊതുമരാമത്ത് വകുപ്പ് വിശദീകരിച്ചു.
അനധികൃത ബസ് ഷെല്‍ട്ടറുകള്‍ നീക്കണമെന്ന് ഹൈക്കോടതി
01:06 AM Oct 19, 2021 | Deepika.com