തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. പ്രോസ്പെക്ടസും സിലബസും www. lbscentre. kerala.gov.in ൽ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ 30ന് വൈകിട്ട് അഞ്ചിനകം പൂർത്തിയാക്കണം.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിഎഡ് വേണമെന്ന നിബന്ധയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിനു പരിഗണിക്കും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കും വിഎച്ച്, പിഎച്ച് വിഭാഗത്തിൽപ്പെട്ടവർക്കും ബിരുദാനന്തര ബിരുദത്തിനു അഞ്ചു ശതമാനം മാർക്ക് ഇളവു ലഭിക്കും.
അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റിന് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബിഎഡ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം. അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് പഠിക്കുന്നവർക്ക് ബിഎഡ് ബിരുദം ഉണ്ടായിരിക്കണം.
സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പിജി/ബിഎഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കുന്നതല്ല.
ഈ പരീക്ഷയ്ക്ക് ഓണ്‍ലൈനായി 20 മുതൽ 30 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ / ഒബിസി വിഭാഗങ്ങളിൽപ്പെട്ടവർ പരീക്ഷാ ഫീസിനത്തിൽ ആയിരം രൂപയും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗത്തിൽപ്പെടുന്നവർ 500 രൂപയും ഒടുക്കണം.
പിഡബ്ല്യുഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്സി/എസ്ടി വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒബിസി നോണ്‍ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കണം.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ജനുവരി ഒമ്പതിന്; 30നകം അപേക്ഷിക്കണം
01:05 AM Oct 19, 2021 | Deepika.com