കൊച്ചി: സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേരള പോലീസിന്റെ ക്രൈം റിക്കാര്‍ഡുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത് 66 സ്ത്രീപീഡന മരണങ്ങളാണ്.
2016ല്‍ 25 പേരും, 2017ല്‍ 12 ഉം, 2018ല്‍ 17 ഉം, 2019ലും 2020ലും ആറു വീതം പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 74,679 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
2016ല്‍ 15,114, 2017 ല്‍ 14,263, 2018ല്‍ 13,643, 2019ല്‍ 14,293, 2020ല്‍ 12,659, 2021 ഏപ്രില്‍ വരെ 4,707 എന്നിങ്ങനെയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ഭര്ത്താക്കന്മാരില് നിന്നും, ബന്ധുക്കളില്നിന്നുമുള്ളപീഡനങ്ങളാണ്. 2021 ഏപ്രില്‍ വരെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളായ 1,080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 13 വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് 212 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാന വനിതാ കമ്മീഷനില്‍ എത്തിയ പരാതികളും വ്യത്യസ്തമല്ല. 2010 മുതല്‍ 2021 ജൂണ്‍ 23വരെ വനിതാ കമ്മീഷനില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന, ഗാര്‍ഹിക പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ യഥാക്രമം 2,544 സ്ത്രീപീഡനക്കേകളും 3,476 ഗാര്‍ഹിക പീഡനക്കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ 1,565 സ്ത്രീ പീഡനക്കേസുകളും 2,56 9 ഗാര്‍ഹിക പീഡനക്കേസുകളും കമ്മീഷന് തീര്പ്പാക്കുകയുണ്ടായി. പരാതികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. ഇവിടെ നിന്ന് 838 സ്ത്രീ പീഡനക്കേസുകളും 656 ഗാര്‍ഹിക പീഡനക്കേസുകളും റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.
മൂന്നാം സ്ഥാനത്ത് നില്ക്കുന്ന എറണാകുളം ജില്ലയില്‍ നിന്ന് 831 സ്ത്രീ പീഡനക്കേസുകളും 538 ഗാര്‍ഹിക പീഡനക്കേസുകളും റിപ്പോര്‍ട്ടു ചെയ്തു. വയനാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് സ്ത്രീ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടെ 126 പീഡനക്കേസുകളും, 101 ഗാര്‍ഹിക പീഡനക്കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സീമ മോഹന്‍ലാല്‍
സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ 66 മരണം
11:07 PM Oct 17, 2021 | Deepika.com