തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണു മികച്ച സിനിമ. ‘വെള്ളം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തു. ‘കപ്പേള’യിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി.
‘എന്നിവർ’ എന്ന സിനിമയിലൂടെ സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി. മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി (ചിത്രം: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ). ‘അയ്യപ്പനും കോശിയു’മാണ് മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രം. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച രണ്ടാമത്തെ ചിത്രം ‘തിങ്കളാഴ്ച നിശ്ചയ’മാണ്. നവാഗത സംവിധായകനുള്ള അവാർഡ് ‘കപ്പേള’യിലൂടെ മുഹമ്മദ് മുസ്തഫ സ്വന്തമാക്കി. എം. ജയചന്ദ്രന് ഗാനങ്ങൾ, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം ലഭിച്ചു (ചിത്രം: സൂഫിയും സുജാതയും).
‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷിനെ മികച്ച സ്വഭാവനടനായും തെരഞ്ഞെടുത്തു. ‘വെയിൽ’ എന്ന സിനിമയിലെ അഭിനയത്തിന് ശ്രീരേഖ മികച്ച സ്വഭാവനടിയായി.
മികച്ച ബാലതാരങ്ങളായി ‘കാസിമിന്റെ കടൽ’ എന്ന സിനിമയിൽ അഭിനയിച്ച എസ്. നിരഞ്ജനും ‘പ്യാലി’ എന്ന സിനിമയിലെ അഭിനയത്തിന് ആരവ്യ ശർമയും തെരഞ്ഞെടുക്കപ്പെട്ടു. സെന്ന ഹെഗ്ഡെയാണ് മികച്ച കഥാകൃത്ത് (ചിത്രം: തിങ്കളാഴ്ച നിശ്ചയം).
അന്ന ബെൻ നടി, ജയസൂര്യ നടൻ
01:47 AM Oct 17, 2021 | Deepika.com