കൊച്ചി: കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി കേരള ബാങ്ക് ഏകീകൃത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലേക്ക്.
13 മുന്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിന്റെയും കോര്‍ ബാങ്കിംഗ് സോഫ്റ്റ്വെയറുകള് ഏകീകരിച്ച് ഇടപാടുകാര്‍ക്ക് എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കി കേരള ബാങ്കിനെ സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്ക് ആക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
2022 മാര്‍ച്ച് 31 ഓടെ ഐടി ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ കൂടുതലായി കേരള ബാങ്കിലേക്ക് എത്തുമെന്നും ഈ തുക കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ലയനങ്ങള്‍ വന്നശേഷം നാട്ടിന്‍പുറങ്ങളിലെ ദേശസാല്‍കൃത ബാങ്കുകള്‍ പലതും പൂട്ടിപ്പോയ സാഹചര്യത്തില്‍ ഗ്രാമീണജനതയ്ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ കേരള ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങി എല്ലാവിധ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കും കേരള ബാങ്ക് തുടക്കം കുറിച്ചു.
ഇന്ന് 1,06,396 കോടി രൂപയുടെ ആകെ ബിസിനസും, 769 ശാഖകളുമായി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് വളര്‍ന്നുവെന്നും വായ്പാ പദ്ധതികളിലൂടെ 32,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബാങ്ക് ഏകീകൃത ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമിലേക്ക്
12:51 AM Oct 17, 2021 | Deepika.com