തിരുവനന്തപുരം: ഭൂമി പോക്കുവരവു ചെയ്യാൻ അപേക്ഷ എങ്ങനെ നൽകണം, പിന്തുടർച്ചാ പോക്കു വരവിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, അപേക്ഷയിൽ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
ഭൂമിയും റവന്യു വകുപ്പിനു കീഴിലുള്ള ഓഫീസുകളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയും പരാതിപരിഹാര സംവിധാനവും ഒരു കുടക്കീഴിലാക്കാനുള്ള നടപടികൾ പൂർത്തിയായി. വെള്ളയന്പലത്തെ ഐടി മിഷൻ ആസ്ഥാനത്ത് റവന്യു വകുപ്പിന്റെ കോൾ സെന്റർ ഒക്ടോബർ ഒന്നിന് പ്രവർത്തനം തുടങ്ങും. 1800 425 5255 എന്ന നന്പരിൽ എല്ലാ സേവനങ്ങൾക്കും പരാതികൾക്കുമുള്ള മറുപടി അടുത്ത ഒന്നു മുതൽ ലഭിക്കും.
വില്ലേജ്- താലൂക്ക് ഓഫീസുകളിൽ നൽകിയ അപേക്ഷകളിൽ കാലതാമസമുണ്ടായാൽ ഇതിനുള്ള പരാതിയും ഇവിടെ വിളിച്ചറിയിക്കാനുള്ള സംവിധാനം കോൾ സെന്ററിൽ ഒരുക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. പരാതികളിൽ ബന്ധപ്പെട്ട ഓഫീസുകളോടു വിശദീകരണം തേടിയ ശേഷം മറുപടി പരാതിക്കാരനെ ഫോണ് വഴിയോ എസ്എംഎസ് സന്ദേശമായോ അറിയിക്കും. വില്ലേജ്, താലൂക്ക്, റവന്യു ഡിവിഷണൽ (ആർഡിഒ) ഓഫീസുകളുമായും ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇവിടെ നിന്നും മറുപടി ലഭിക്കും. ജില്ലാ കളക്ടറേറ്റുകളുമായും ലാൻഡ് റവന്യു കമ്മീഷണറേറ്റുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ലഭിക്കേണ്ട വിഷയങ്ങളിൽ മറുപടിയുണ്ടാകും. അപേക്ഷകളിലെ കാലതാമസം അടക്കമുള്ള പരാതികളും അറിയിക്കാം.
ജനങ്ങൾക്കു ന്യായമായ സംശയമുണ്ടാകാവുന്ന 1000 ചോദ്യങ്ങളും ഇവയ്ക്കുള്ള മറുപടിയും കോൾ സെന്ററിൽ തയാറാക്കി. റവന്യു വകുപ്പുമായി ബന്ധപ്പെട്ടു കൂടുതൽ പരിജ്ഞാനമുള്ള മൂന്നു ജീവനക്കാരെ കോൾ സെന്ററിൽ നിയോഗിക്കും. ഇതിൽ രണ്ടു പേർ വനികളാണ്. ഇവർക്കുള്ള പരിശീലനം ലാൻഡ് റവന്യു കമ്മീഷണറേറ്റും ഐടി മിഷനും നൽകി.
പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ കോൾ സെന്റർ പ്രവർത്തിക്കും. കോൾ സെന്ററിൽ വരുന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ മറുപടികൾ തയാറാക്കും.
ഭൂമിയും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട 143 നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിഷയങ്ങളിലാണ് മറുപടികൾ തയാറാക്കുക. മന്ത്രിയുടെ ഓഫീസിൽ അടക്കം നിരവധി പരാതികളും സംശയങ്ങളും ചോദിച്ചു കൊണ്ടു നൂറുകണക്കിനു പേർ ദിനംപ്രതി വിളിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
-കെ. ഇന്ദ്രജിത്ത്
‘ഭൂമി’യിൽ സംശയം വേണ്ട, വിളിക്കൂ 1800 425 5255
11:41 PM Sep 25, 2021 | Deepika.com