കൊല്ലം: ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെ സിപിഎം സസ്പെൻഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തതെന്നു ജില്ലാ സെക്രട്ടറി എസ്.സുദേവന് അറിയിച്ചു. ജില്ലാ കമ്മിറ്റി കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തിനും ക്ഷേത്രത്തിനും പിരിവ് കൊടുക്കാത്ത വിദേശ നിക്ഷേപകന്റെ സ്ഥലത്തു കൊടി കുത്തുമെന്ന് ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തിയെന്നു പരാതിയുയർന്നിരുന്നു.
അമേരിക്കയിലെ ടെക്സസിൽ താമസിക്കുന്ന മൈനാഗപ്പള്ളി കോവൂർ സ്വദേശി ഷഹി വിജയനും ഭാര്യ ഷൈനിയുമാണ് അടിയന്തര ഇടപെടൽ തേടി മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നൽകിയതിനെ ത്തുടർന്നാണ് നടപടി.
പത്ത് കോടിയിലധികം രൂപ മുതൽ മുടക്കി നിർമിച്ച കൺവൻഷൻ സെന്ററിന്റെ പണി അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് ഭീഷണി. ഷഹി ചവറ മുഖംമൂടി മുക്കിലെ 75 സെന്റ് സ്ഥലത്താണ് കൺവൻഷൻ സെന്റർ നിർമിക്കുന്നത്.
ഇതിനിടെയാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോൺ സംഭാഷണം ഉൾപ്പടെ ചൂണ്ടി കാട്ടി സര്‍ക്കാരിന്റെ ഇടപെടല്‍ തേടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പിരിവു കൊടുക്കാത്തതിന് കൊടി കുത്തുമെന്ന ഭീഷണി: ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്പെന്‍ഡ് ചെയ്തു
11:41 PM Sep 25, 2021 | Deepika.com