തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി കരട് മാർഗരേഖ തയാറായി. ഒരു ബെഞ്ചിൽ രണ്ടുപേർ എന്ന രീതിയിലായിരിക്കും ക്ലാസുകളുടെ ക്രമീകരണം.
കുട്ടികൾ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കാൻ സ്കൂളുകളിൽ ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്കൂളിനു മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ആഴ്ചയിൽ ആറു ദിവസം ക്ലാസ് നടത്തും. സ്കൂളുകളിലേക്കും തിരിച്ചും കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോറിക്ഷകളിൽ രണ്ടു കുട്ടികളിൽ കൂടതൽ പാടില്ലെന്നും കരട് മാർഗരേഖയിൽ പറയുന്നു.
ശരീര ഊഷ്മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ സ്കൂളുകളിൽ പ്രത്യേക സംവിധാനം ഒരുക്കും. എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കും. രക്ഷിതാക്കൾക്ക് ഓണ്ലൈനായി ബോധവത്കരണ ക്ലാസുകൾ നടത്തുമെന്നും കരട് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയാറാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്.
ഇവർ തയാറാക്കുന്ന മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, അധ്യാപകർ, വിവിധ രാഷ്ട്രീയപ്പാർട്ടികൾ എന്നിവരുമായി ചർച്ച ചെയ്യുമെന്നും ഇതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
മാർഗനിർദേശങ്ങളുമായി പോലീസ് മേധാവി
തിരുവനന്തപുരം : വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ അധികാര പരിധിയിലുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. സ്കൂൾ മാനേജ്മെന്റുമായും സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും. സ്കൂൾ ബസുകൾ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും.
അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ ഒക്ടോബർ 20 നുമുന്പ് പൂർത്തിയാക്കണം. പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെ മാത്രമേ സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കാവൂ. സ്കൂൾ ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടണം. സ്കൂൾ വാഹനങ്ങൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കൂ.
എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥിരമായി സ്കൂളുകൾ സന്ദർശിച്ച് നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും നിർദേശങ്ങൾ വിലയിരുത്തണം.
സ്കൂൾ തുറക്കൽ: കരട് മാർഗരേഖയായി; ഓട്ടോറിക്ഷയിൽ രണ്ടു വിദ്യാർഥികൾ മാത്രം
12:56 AM Sep 25, 2021 | Deepika.com