നെടുങ്കണ്ടം: ബന്ധുവീട്ടിലെത്തിയ 13 വയസുകാരൻ ടെറസിന്റെ മുകളിൽ കളിക്കുന്നതിനിടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ് - സൗമ്യ ദന്പതികളുടെ മകൻ ജെറോൾഡ് (അപ്പു - 13) ആണ് നെടുങ്കണ്ട ത്തെ ബന്ധുവീട്ടിൽ മരിച്ചത്.
ജെറോൾഡിന്റെ കാലിലും കയർ വലിഞ്ഞുമുറുകിയ നിലയിലായിരുന്നു. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്. കഴിഞ്ഞ ഒരുമാസമായി ജെറോൾഡ് ഇവിടെയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനുശേഷമാണ് അപകടം. ജെറോൾഡിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീടിന്റെ താഴത്തെ നിലയിൽ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ പോയിരുന്നു. ബിജുവിന്റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരീഭർത്താവ് ബിജു ലൂക്കോസ് മുല്ലപ്പെരിയാർ ഡാം സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്.
ഇവരുടെ കുട്ടികളുടെ ഓണ്‍ലൈൻ ക്ലാസ് കഴിഞ്ഞിട്ടും ജെറോൾഡിനെ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളിൽ കയറിൽ കുരുങ്ങിയ നിലയിൽ ജെറോൾഡിനെ കണ്ടത്. വാഴവര സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ജെറോൾഡ്. ജെവിൻ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി 13കാരൻ മരിച്ചു
12:35 AM Sep 25, 2021 | Deepika.com