ന്യൂഡൽഹി: ബംഗാൾ ബിജെപി അധ്യക്ഷനായി സുകാന്ത മജുംദാറിനെ നിയമിച്ചു. മുതിർന്ന നേതാവ് ദിലീപ് ഘോഷിനു പകരമാണു നിയമനം. ഘോഷിനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. ബലൂർഘട്ടിൽനിന്നുള്ള ലോക്സഭാംഗമാണ് സുകാന്ത.
ബംഗാളിൽ ബിജെപിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണു ദിലീപ് ഘോഷിനെ മാറ്റി സുകാന്ത മജുംദാറെ സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയെ സജീവമാക്കുകയെന്നതാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.
മേയ് രണ്ടിനു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായശേഷം നാല് എംഎൽഎമാരും ലോക്സഭാംഗമായ മുൻ മന്ത്രി ബാബുൽ സുപ്രിയോയും ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെയും ബിജെപി വൈസ് പ്രസിഡന്റായി നിയമിച്ചു. ഉത്തർപ്രദേശിൽനിന്നുള്ള ദളിത് നേതാവാണ് മൗര്യ. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു ബേബി റാണി മൗര്യക്കു പുതിയ പദവി നല്കിയത്.
ദിലീപ് ഘോഷിനെ മാറ്റി, സുകാന്ത മജുംദാർ ബംഗാൾ ബിജെപി അധ്യക്ഷൻ
12:46 AM Sep 21, 2021 | Deepika.com