കൊച്ചി: വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യം മുറുകെ പിടിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസിയുടെയും കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെയും അധ്യക്ഷനുമായ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ട്. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് നമ്മുടെ പാരമ്പര്യം.
അതിനൊരു വിധത്തിലും കോട്ടം തട്ടാന്‍ അനുവദിക്കരുത്. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാവരും പരിശ്രമിക്കണമെന്നു മാർ ആലഞ്ചേരി പറഞ്ഞു.
സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേക്ക് ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.
ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവരോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ചപ്പാട്.
സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാന്‍ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചു പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
മതസൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
12:17 AM Sep 20, 2021 | Deepika.com