കൊച്ചി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപണം.
കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം എന്നാവശ്യപ്പെട്ടു ജൂണ്‍ 17നു കേരളം കേന്ദ്രത്തിലേക്ക് അയച്ച കത്തിനു മറുപടി ലഭിച്ചിട്ടില്ലെന്ന മന്ത്രിയുടെ ഓഗസ്റ്റ് ആറിലെ സഭയിലെ പ്രസ്താവന വസ്തുതാവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) രംഗത്തെത്തി.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, സതീഷ് കുമാര്‍ ജോസഫ് എന്നിവര്‍ നക്ഷത്രചിഹ്നമിട്ട ചോദ്യമായാണു കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിച്ചത്.
മന്ത്രിയുടെ മറുപടി ഇങ്ങനെ: “1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ സെക്ഷന്‍ 11 (1) ബി വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സേവനം ഉപയോഗിച്ചും കാട്ടുപന്നിപ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിച്ച് 2020 നവംബര്‍ ഒന്നിലെ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയിരുന്നു. 2021 ജൂണ്‍ 17നു വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തില്‍ മറുപടി ലഭ്യമായിട്ടില്ല’’.
വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍, ജൂണ്‍ 17നു കേരളം കേന്ദ്രസര്‍ക്കാരിന് അയച്ച കത്തിനുള്ള മറുപടി ജൂലൈ എട്ടിനുതന്നെ വന്നിരുന്നു എന്ന് വ്യക്തമാണെന്നു കിഫ ചെയര്മാന് അലക്സ് ഒഴുകയില്‍ ചൂണ്ടിക്കാട്ടി. മറുപടി കിട്ടി 28 ദിവസത്തിനു ശേഷമാണ് നിയമസഭയില്‍ ഇങ്ങനെ ഒരു മറുപടി വന്നിട്ടില്ലെന്നു വകുപ്പുമന്ത്രി പറഞ്ഞത്. ഇതു സത്യപ്രതിജ്ഞാ ലംഘനവും നിയമസഭയെയും ജനങ്ങളെയും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കലുമാണ്. മന്ത്രി ജനങ്ങളോടു മാപ്പുപറഞ്ഞ് വിശദീകരണം നല്‍കണം.
ജൂണ്‍ 17നു വനം വകുപ്പ് കേന്ദ്രത്തിലേക്ക് കത്തയയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്വകാര്യ മെയില്‍ ഐഡിയില്‍നിന്നാണ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സര്‍ക്കാര്‍ ഇമെയില്‍ ഐഡികള്‍ മാത്രം ഉപയോഗിക്കണമെന്ന ചട്ടത്തിന്റെ ലംഘനമാണിതെന്നും കിഫ ചെയര്മാന് ആരോപിച്ചു.
കാട്ടുപന്നി വിഷയത്തില്‍ വനംമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം
12:59 AM Sep 18, 2021 | Deepika.com