കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസി(72)നെ എപ്പിസ്കോപ്പൽ സിനഡ് തെരഞ്ഞെടുത്തു.
സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ ചേർന്ന സിനഡിൽ 24 മെത്രാപ്പോലീത്തമാർ പങ്കെടുത്തു. ഇന്നു ചേരുന്ന സഭാ മാനേജിംഗ് കമ്മിറ്റി സിനഡ് നിർദേശം പാസാക്കി ഒക്ടോബർ 14നു പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷനു സമർപ്പിക്കും.
അസോസിയേഷൻ അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി മാത്യൂസ് മാർ സേവേറിയോസ് നിയമിതനാകും. നവംബറിൽ തിരുനാളിനോടനുബന്ധിച്ചു പരുമലയിൽ പുതിയ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണവും നടക്കും. ഇന്നു ചേരുന്ന മാനേജിംഗ് കമ്മിറ്റിക്കുശേഷം ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തതോടെയാണു പുതിയ കാതോലിക്ക ബാവയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സിൽ അധ്യക്ഷൻ തുന്പമണ്‍ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസിന്റെ അധ്യക്ഷതയിലാണ് സിനഡ് ചേർന്നത്.
വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ്.വാഴൂർ മറ്റത്തിൽ ചെറിയാൻ അന്ത്രയോസ്-മറിയാമ്മ ദന്പതികളുടെ മകനായി 1949 ഫെബ്രുവരി 12നു ജനിച്ചു. കേരള സർവകലാശാലയിൽനിന്നു ബിഎസ്സി ബിരുദം നേടി. തുടർന്നു കോട്ടയം പഴയസെമിനാരിയിൽ വൈദികവിദ്യാഭ്യാസത്തിനു ചേർന്നു; ജിഎസ്ടി ബിരുദം നേടി. സെറാംപുർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഡി ബിരുദം നേടി. റഷ്യയിലെ ലെനിൻഗ്രാഡിലെ തിയോളജിക്കൽ അക്കാദമിയിൽ ദൈവശാസ്ത്രത്തിൽ ഉന്നതപഠനം നടത്തി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംടിഎച്ച്, പിഎച്ച്ഡി എന്നിവ എടുത്തു.
ഡോ. സേവേറിയോസിനെ 1976ൽ ഡീക്കനായും 1978ൽ വൈദികനായും ബസേലിയോസ് മാത്യൂസ് ഒന്നാമൻ അഭിഷേചിച്ചു. 1991 ഏപ്രിൽ 30നു പരുമലയിൽ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1993ൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.
കോട്ടയം ഓർത്തഡോക്സ് സെമിനാരിയിലെ ഫാക്കൽറ്റി അംഗവും എപ്പിസ്കോപ്പൽ സുന്നഹദോസ് മുൻ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ്. കാലംചെയ്ത കാതോലിക്കായുടെ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോലഞ്ചേരി പ്രസാദം സെന്റർ അരമനയിലാണ് താമസം. പരേതയായ അമ്മിണി, എം.എ. സ്കറിയ (കുഞ്ഞ്, പ്രത്യാശ ഭവൻ പിറമാടം), സൂസൻ, എം.എ. അന്ത്രയോസ് എന്നിവർ സഹോദരങ്ങളാണ്.
ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്ക ബാവ
01:55 AM Sep 17, 2021 | Deepika.com