കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനം പൂര്‍ത്തിയാക്കാനുള്ള സമയപരിധി നീട്ടി നല്‍കാനാവില്ലെന്ന് എഐസിടിഇ (ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍) അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയിലാണ് എഐസിടിഇ നിലപാട് അറിയിച്ചത്. ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഹര്‍ജി വിധി പറയാനായി മാറ്റി.
ഹര്‍ജി പരിഗണിക്കവെ ഒക്ടോബര്‍ ഒന്നിനു പ്രവേശന നടപടികള്‍ തുടങ്ങി 25നു പൂര്‍ത്തിയാക്കാനാണു നിശ്ചയിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിനു ക്ലാസുകള്‍ തുടങ്ങണമെന്നു പാര്‍ശ്വനാഥ് ചാരിറ്റബിള്‍ ട്രസ്റ്റ് കേസില്‍ സുപ്രീം കോടതി വിധിയുണ്ട്. കോവിഡ് സാഹചര്യംമൂലം ഇത്തവണ സമയക്രമം മാറ്റിയത് സുപ്രീം കോടതിയുടെ അനുമതിയോടെയാണ്. ഇതില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും എഐസിടിഇയുടെ അഭിഭാഷകന് വിശദീകരിച്ചു.
പ്രവേശന നടപടി പൂര്‍ത്തിയാക്കാന്‍ എഐസിടിഇ കൂടുതല്‍ സമയം നല്കിയാല് എന്‍ജിനിയറിംഗ് പ്രവേശനത്തിനു പ്ലസ്ടു മാര്‍ക്ക് വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാനുള്ള സമയം നീട്ടി നല്‍കാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിലപാടു തേടിയപ്പോഴായിരുന്നു സമയപരിധി നീട്ടാനാവില്ലെന്ന് എഐസിടിഇ വിശദീകരിച്ചത്. മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുമെന്നിരിക്കെയാണു ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ നടത്തിയിരുന്നില്ല. പകരം 10, 11 ക്ലാസുകളിലെ മാര്‍ക്കുകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കുന്ന സ്കീമിനു സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. ഇതു തൃപ്തികരമല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റിന് അവസരം നല്‍കാനും നിര്‍ദേശിച്ചിരുന്നു. ഇംപ്രൂവ്മെന്റ് റിസള്‍ട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ മാര്‍ക്ക് അപ്ലോഡ് ചെയ്യാനുള്ള അവസാനതീയതി കഴിയുന്നതിലുള്ള ആശങ്ക കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ അനുമതിയോടെ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതിയവരെ എഐസിടിഇയുടെ ടൈം ഷെഡ്യൂളിന്റെ പേരില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
പിജിടിഎ കേരള കക്ഷി ചേര്‍ന്നു
കൊച്ചി: എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും ഏതാനും വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയില്‍ പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് കേരള കക്ഷി ചേര്‍ന്നു.
കീം എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കുകൂടി പരിഗണിക്കണമെന്ന പിജിടിഎ കേരളയുടെ ഇംപ്ലീഡിംഗ് പെറ്റീഷന് ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
എന്‍ജിനിയറിംഗ് പ്രവേശനം: സമയപരിധി നീട്ടാനാവില്ലെന്ന് എഐസിടിഇ
12:49 AM Sep 17, 2021 | Deepika.com