കൊച്ചി: സര്‍വീസില്‍നിന്നു വിരമിച്ചശേഷം പോലീസുകാര്‍ മൊഴി മാറ്റുന്നതു തടയാന്‍ നിയമം വേണമെന്നും ആവശ്യമെങ്കില്‍ ഇതിനായി നിയമ വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരായ പോലീസുകാര്‍ വിരമിച്ചശേഷം പ്രോസിക്യൂഷനെതിരേ മൊഴി നല്കിയാല് നടപടിയെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
നിയമ നിര്‍മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശവും നല്കി.
തൃപ്പൂണിത്തുറയിലെ ഒരു കെട്ടിടത്തില്‍ നിന്ന് 1990 മാര്‍ച്ച് 21ന് 75 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിയന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ വേളയില്‍ മൊഴി മാറ്റി. വിചാരണഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥന് വിരമിച്ചിരുന്നു. മൊഴിമാറ്റത്തെത്തുടര്ന്ന് പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതേ വിടേണ്ടിയും വന്നു.
ഈ ഉത്തരവിലാണ് ക്രിമിനല്‍ കേസുകളിലെ അന്വേഷണ നടപടികള്‍ സംരക്ഷിക്കാന്‍ ഒരു സംവിധാനം വേണമെന്നു ചൂണ്ടിക്കാട്ടി മൊഴിമാറ്റിയ ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഡിജിപി നല്കിയ റിപ്പോര്‍ട്ടിലാണ് വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കിയത്.
വിരമിച്ചശേഷം പോലീസുകാര്‍ മൊഴി മാറ്റുന്നതു തടയാന്‍ നിയമം വേണം: ഹൈക്കോടതി
01:10 AM Sep 16, 2021 | Deepika.com