തിരുവനന്തപുരം: ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ സംഘടിപ്പിച്ച പരിപാടികളിൽ ഗുരുതര പ്രോട്ടോകോൾ ലംഘനമുണ്ടായതായി വിലയിരുത്തൽ.
സംസ്ഥാന തല ഉദ്ഘാടനം മിഷന്റെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഒഴിവാക്കി, സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല നിർവഹിച്ചു. അതേദിവസം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനതല പരിപാടിയിൽ നിന്നു മന്ത്രിയെ ഒഴിവാക്കി നടത്തിയ ജില്ലാതല ഉദ്ഘാടനത്തിന് നിയോഗിച്ച നടപടിയാണ് കടുത്ത പ്രോട്ടോകോൾ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം സാക്ഷരതയും മന്ത്രി ശിവൻകുട്ടിയുടെ വകുപ്പിൽ പെടുന്നു.
അതിനിടെ, 1990ലെ സന്പൂർണ സാക്ഷരതാ യജ്ഞം മുതൽ സാക്ഷരതാ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കോഴിക്കോട് പൈങ്ങോട്ടുപുറം ഇടമയിൽ ബാലകൃഷ്ണൻ ലോക സാക്ഷരതാ ദിനത്തിൽ മരണമടഞ്ഞിരുന്നു. രാവിലെ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ബാലകൃഷ്ണൻ കുഴഞ്ഞു വീണു മരിച്ചത്.
മരണവിവരം അറിഞ്ഞിട്ടും സാക്ഷരതാ ദിനാഘോഷ പരിപാടികളുമായി മുന്നോട്ടു പോയ നടപടി ശരിയായില്ലെന്ന വികാരം പ്രേരകുമാരും പങ്കുവയ്ക്കുന്നു.
സാക്ഷരതാ മിഷനിൽ പ്രോട്ടോകോൾ ലംഘനം : സംസ്ഥാനതല ഉദ്ഘാടനം ഡയറക്ടർ, ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി
12:54 AM Sep 11, 2021 | Deepika.com