കൊച്ചി: നോക്കുകൂലിയുടെ പേരില്‍ തൊഴിലാളികള്‍ നിയമം കൈയിലെടുക്കുന്നതു സര്‍ക്കാര്‍ വിലക്കാത്തതെന്താണെന്നും ഇങ്ങനെ ചെയ്യാതെ വ്യവസായികള്‍ക്കു കേരളത്തിലേക്കു വരാന്‍ ധൈര്യമുണ്ടാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി പ്രാദേശിക നേതാക്കള്‍ ഹോട്ടല്‍ നിര്‍മാണം തടയുന്നെന്ന് ആരോപിച്ച് പോലീസ് സംരക്ഷണം തേടി അഞ്ചല്‍ സ്വദേശി ടി.എസ്. സുന്ദരേശന് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ വിമര്‍ശനം.
സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് 2012 ല്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയെന്നു കോടതി പറഞ്ഞു. 2018ല്‍ പരാതികളില്‍ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കി ഉത്തരവുമിറക്കിയിരുന്നു. എന്നിട്ടും പരാതികള്‍ കൂടുന്നു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നു പറഞ്ഞതുകൊണ്ടു കാര്യമില്ല. തൊഴിലാളികള്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതി മാറണം. നിയമപരമല്ലാത്ത അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതിയാണെന്നും സിംഗിള്‍ബെഞ്ച് വിമര്‍ശിച്ചു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നു കേള്‍ക്കുന്നതു സുഖമുള്ള കാര്യമല്ല. അതു പൂര്‍ണമായും സത്യവുമല്ല. ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ഇച്ഛാശക്തി വേണം.
വിഎസ്എസ്സിയിലേക്കു വന്ന വാഹനം തടഞ്ഞ സംഭവം കേരളത്തിനുണ്ടാക്കിയ ചീത്തപ്പേര് ചെറുതല്ല. നോക്കുകൂലി നിരോധിച്ച് ഉത്തരവിറങ്ങി ഒരു പതിറ്റാണ്ടോളമായിട്ടും ഇപ്പോഴും പരാതി വരുന്നത് അലോസരപ്പെടുത്തുന്നു. നോക്കുകൂലി തടയാന്‍ നടപടിയെടുക്കാതെ ഉത്തരവും സര്‍ക്കുലറും ഇറക്കിയിട്ട് പ്രയോജനമില്ലെന്നും കോടതി നിരീക്ഷിച്ചു.
നോക്കുകൂലി: തൊഴിലാളികള്‍ നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ വിലക്കാത്തതെന്തെന്നു-ഹൈക്കോടതി
12:32 AM Sep 11, 2021 | Deepika.com