കൊച്ചി: റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധങ്ങളാണെന്നും ഇക്കാര്യങ്ങളില്‍ നിയമപരമായി മാത്രമേ തീരുമാനമെടുക്കാനാകൂയെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ പുറത്തു നില്ക്കുമ്പോള് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇങ്ങനെ നീട്ടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചൂ.
പിഎസ്സിയുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ ഇന്നലെ രാവിലെ പരിഗണിച്ചപ്പോഴാണ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസും ജസ്റ്റീസ് എ. ബദറുദ്ദീനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യങ്ങള്‍ വാക്കാല്‍ പറഞ്ഞത്. ബി.എ പഠിച്ചാല്‍ പിന്നെ ആടിനെയൊന്നും തൊടാന്‍ പറ്റില്ലെന്ന മനോഭാവമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിനുള്ള വരുമാനത്തിന്റെ 75 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാനാണ് വിനിയോഗിക്കുന്നത്. ഇങ്ങനെ തുടരാനാവില്ല. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടുന്ന രാജ്യത്തിന്റെ ജിഡിപി താഴോട്ടാണ്.
കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ് നോട്ടടിക്കുന്നത്. സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ലോകാവസാനമൊന്നുമുണ്ടാകില്ല. നമ്മുടെ യുവാക്കളുടെ മനോഭാവം മാറണം. സര്‍ക്കാര്‍ ജോലിയെ ഇങ്ങനെയങ്ങ് ആശ്രയിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ മോഡലിലുള്ള സംരംഭങ്ങള്‍ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
റാങ്ക് ലിസ്റ്റ് കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധമെന്നു ഹൈക്കോടതി
01:11 AM Aug 04, 2021 | Deepika.com